പഞ്ച്കുല: രോഗിയെ എംആര്‍ഐ സ്‌കാനിങ് മെഷീനില്‍ മറന്ന് ഡോക്ടര്‍ പോയി,
ബെല്‍റ്റ് തകര്‍ത്ത് പുറത്തിറങ്ങി മധ്യവയസ്‌കന്‍. ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയെന്നാണ് വിവരം.
റാംഹര്‍ ലോഹന് (59) എന്നയാളാണ് എംആര്‍ഐ സ്‌കാനിങ് മെഷീനില്‍ അകപ്പെട്ടത്. തോളെല്ല് തെന്നിമാറിയതിന് പിന്നാലെയാണ് റാംഹര്‍ ലോഹന് ഡോക്ടര്‍മാര്‍ എംആര്‍ഐ സ്‌കാന്‍ നിര്‍ദേശിച്ചത്. 10-15 മിനിട്ട് നേരം മെഷീനുള്ളില്‍ തന്നെ തുടരണമെന്നായിരുന്നു ജീവനക്കാര്‍ ലോഹനോട് പറഞ്ഞത്. 30 മിനിട്ട് കഴിഞ്ഞിട്ടും ലോഹനെ മെഷീനില്‍ നിന്ന് പുറത്തെത്തിച്ചില്ല. മെഷീനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് ലോഹന് ശാരീരികാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി.
ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ലെന്ന് ലോഹന്‍ പറയുന്നു. മെഷീനിരുന്ന മുറിയില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. ”ശ്വാസം കിട്ടാതായി. സ്വയം പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ ബെല്‍റ്റ് ഉള്ളതിനാല്‍ അതിന് കഴിഞ്ഞില്ല. ഇനിയും വൈകിയാല്‍ മരിച്ചുപോകുമെന്ന് തോന്നി. അവസാന ശ്രമമായാണ് ബെല്‍റ്റ് തകര്‍ത്തത്”- ലോഹന്‍ പറഞ്ഞു.
അതേസമയം, ലോഹന്റെ ആരോപണങ്ങളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമിത് ഖോഖര്‍ നിഷേധിച്ചു. 20 മിനിട്ട് സ്‌കാനിങ് ആണ് നിര്‍ദേശിച്ചിരുന്നതെന്നും അവസാന രണ്ട് മിനിട്ടില്‍ രോഗി പരിഭ്രാന്തനാകുകയായിരുന്നുവെന്നും ഖോഖര്‍ പറയുന്നു. പുറത്തുവരാന്‍ തങ്ങള്‍ സഹായിച്ചുവെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ലോഹന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post