തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പിൽ പ്രതികൾ പറയുന്നത് കള്ളമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നു എന്ന ഗോകുലിന്റെ മൊഴി തെറ്റാണെന്നും മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ചു പ്രതികൾ തന്നെ ചാദ്യ പേപ്പർ ചോർത്തിയെന്നുമാണു വിലയിരുത്തൽ. പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ സന്ദേശങ്ങളും അന്വേഷണം സംഘം വീണ്ടെടുത്തു തുടങ്ങി.
പിഎസ്സി പരീക്ഷ തുടങ്ങിയതിനു പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിദ്യാർത്ഥിയെന്ന് തോന്നിക്കുന്ന ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നുവെന്നാണ് ഉത്തരങ്ങൾ അയച്ച് നൽകിയ ഗോകുലിന്റെ മൊഴി. എന്നാൽ ഇത് ആരാണെന്നൊ ഇയാൾക്ക് ചോദ്യപേപ്പർ എങ്ങനെ ലഭിച്ചുവെന്നോ പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായില്ല. അന്വേഷണം വഴിതെറ്റിക്കാൻ പറഞ്ഞ കള്ളമൊഴിയാണിതെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. മറ്റൊരാൾ ചോർത്തി നൽകിയതിനേക്കാൾ പ്രതികൾ തന്നെ മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ചു ചോദ്യപേപ്പർ പുറത്തേക്ക് അയച്ചു നൽകാനുള്ള സാധ്യതയാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
പ്രണവാണ് ഇങ്ങനെ അയച്ചതെന്നും സംശയമുണ്ട്. ആ തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണു പ്രതികൾ മൊബൈലും വാച്ചും നശിപ്പിച്ചതനും കരുതുന്നു. അതിനാൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ വിവരങ്ങളും വീണ്ടെടുക്കും. പകുതിയോളം സന്ദേശങ്ങൾ ഇതിനകം തിരിച്ചെടുത്തു കഴിഞ്ഞു.
Discussion about this post