കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയി. രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌ക്കുകളാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്.
കേസന്വേഷണത്തിന്റെ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിക്ക് കൈമാറി. കപ്പല്‍ശാലയില്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സംഭവത്തിന്റെ സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. പോലീസിന് തിങ്കളാഴ്ച വൈകീട്ടാണ് കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ പരാതി ലഭിക്കുന്നത്.
കപ്പല്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. അതേസമയം കപ്പല്‍ശാലയില്‍ നിന്ന് മറ്റു വസ്തുക്കള്‍ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തത് സംശയാസ്പദമാണ്. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തത് കാരണം സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെന്ന് നാവികസേന അറിയിച്ചു. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌ക്കുകളാണ് മോഷണം പോയിരിക്കുന്നത്.
Discussion about this post