തിരുവനന്തപുരം: അമിത് ഷായുടെ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനയെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഏതെങ്കിലും ഭാഷ അടിച്ചേല്‍പിക്കുന്നതിനോട് യോജിപ്പില്ലെന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീക്കളിയാണ് ഇതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായിട്ടാണ് പ്രതിഷേധം ഉയരുന്നത്. അസദുദ്ദിന്‍ ഒവൈസി, തമിഴ്‌നാട് സാംസ്‌കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവലന്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ നേതാക്കളുള്‍പ്പടെയുള്ളവര്‍ അമിതാ ഷായുടെ പരാമര്‍ശത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നും രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും ആയിരുന്നു അമിത് ഷാ പറഞ്ഞത്. ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
”ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്”- എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
രാജ്യത്തിന് ഏക ഭാഷ എന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം സഫലമാവാന്‍ പ്രയത്നിക്കണമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post