തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേൽക്കാനായി ഒരുക്കങ്ങളുടെ അവസാന ഘട്ടമായി ഇന്ന് ഉത്രാടപ്പാച്ചിൽ. ഒന്നാം ഓണമായ ഉത്രാട ദിനത്തിലാണ് നാളത്തെ തിരുവോണത്തിനുള്ള ഒരുക്കങ്ങൾ നടത്തുക. അതിനായുള്ള ഓട്ടപ്പാച്ചിലിലാണ് കേരളക്കര ഒന്നാകെ. പ്രളയം ഇത്തവണത്തെ ഓണത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും ലളിതമായ രീതിയിൽ ആഘോഷം കൊണ്ടാടാൻ തന്നെയാണ് നാടും നഗരവും ഒരുങ്ങുന്നത്.
കഴിഞ്ഞവർഷത്തെ ഓണാഘോഷവും പ്രളയം കൊണ്ടുപോയതിനാൽ സർക്കാർ തലത്തിൽ ആഘോഷ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ലളിതമായി ഒരാഴ്ചത്തെ ഔദ്യോഗിക ഓണാഘോഷം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. ഓണ വാരത്തിനും ഇന്ന് തുടക്കമാകും. ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും.
Discussion about this post