കോട്ടയം: കേരളാ കോൺഗ്രസ് വീണ്ടും രണ്ടായി പിരിയുന്നെന്ന സൂചനകൾ നൽകി പിജെ ജോസഫ്. തനിക്ക് കിട്ടേണ്ട കോട്ടയം ലോക്സഭാ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയാണെന്ന് പിജെ ജോസഫ് ആരോപിച്ചു. ലോക്സഭാ എംപി സ്ഥാനം തനിക്ക് നഷ്ടപ്പെടുത്തിയത് ജോസ് കെ മാണിയുടെ ഇടപെടലാണെന്നാണ് അദ്ദേഹം മാതൃഭൂമിയോട് വെളിപ്പെടുത്തി.
സ്ഥാനാർത്ഥി നിർണയവേളയിൽ കോട്ടയത്ത് മറ്റാരുടെയും പേര് പരിഗണനയിൽ ഇല്ലായിരുന്നെന്നും ആ ഘട്ടത്തിൽ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയതിനാൽ ലോക്സഭാ സീറ്റിൽ തന്നെയാണ് പരിഗണിച്ചിരുന്നതെന്നും ജോസഫ് പറയുന്നു. താൻ കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിനെ യുഡിഎഫും അംഗീകരിച്ചിരുന്നു. അന്ന് യോഗത്തിൽ തലയിൽ കൈവച്ച് മാണി പിതൃസ്ഥാനത്ത് നിന്ന് അനുഗ്രഹവും തന്നു. പിന്നീടാണ് അത് അട്ടിമറിക്കപ്പെട്ടത്.
തന്നെ മത്സരിപ്പിക്കാത്തതിൽ പിന്നീട് കെഎം മാണി ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം അടുത്ത ഒരാളോട് ഔസേപ്പച്ചന് ചോദിച്ചിട്ട് കൊടുക്കാത്തതിൽ ഖേദമുണ്ടായെന്നാണ് പറഞ്ഞതെന്നും ജോസഫ് വെളിപ്പെടുത്തുന്നു. യുഡിഎഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് പാലായിൽ സമാന്തര കൺവൻഷനിൽ നിന്ന് പിന്മാറിയത്. ബിഷപ്പുമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയും പരാജയപ്പെടുത്തി.
പാലാ സീറ്റിൽ രണ്ടില ചിഹ്നം കിട്ടാൻ തട്ടിപ്പിന് ജോസ് കെ മാണി ശ്രമം നടത്തി. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്ത നേതാവാണ് ജോസ് കെ മാണി. പക്വതയും വീണ്ടുവിചാരവുമില്ല. വേഗത്തിൽ അധികാരം പിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജോസ് കെ മാണി നയിച്ച കേരള യാത്ര മുതൽ പ്രശ്നം രൂക്ഷമായതായും പിജെ ജോസഫിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഡിസംബറിന് ശേഷം പുതിയ സംഘടനാ സംവിധാനം നിലവിൽ വരുമെന്ന പ്രഖ്യാപനം കേരള കോൺഗ്രസ് രണ്ടായി രണ്ടുവഴിക്കെന്ന് സൂചനകൾ നൽകുന്നതാണ്.
Discussion about this post