തിരുവല്ല: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസമെന്ന് തെറ്റിദ്ധരിപ്പിച്ച് പായസം വില്പനയ്ക്ക് വച്ച ബേക്കറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രൊഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ ദിവസങ്ങളായി അമ്പലപ്പുഴ പാല്‍പ്പായസം വിറ്റു വന്നത്.
ബോധപൂര്‍വ്വം അക്ഷരങ്ങള്‍ മാറ്റിയാണ് പായസം പാക്കിംഗില്‍ അമ്പലപ്പുഴ പായസം എന്ന് പ്രിന്റ് ചെയ്തിരുന്നത്. ഒറ്റനോട്ടത്തില്‍ അമ്പലപ്പുഴ പായസമെന്ന് വായിക്കുകയും ചെയ്യും. 500 മില്ലിയ്ക്ക് 175 രൂപ എന്ന നിരക്കിലായിരുന്നു പായസം വില്‍പ്പന.
പായസം വില്പനയെക്കുറിച്ച് അറിഞ്ഞ വിജിലന്‍സ് ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തര്‍ക്ക് വിതരണം ചെയ്ത് വരുന്ന ചരിത്രപ്രസിദ്ധമായ പായസം ഭക്തരെ തെറ്റിദ്ധരിപ്പിച്ചാണ് വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തുടര്‍ന്ന് തിരുവല്ല തോംസണ്‍ ബേക്കറി ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ആലപ്പുഴ എസ്പി, അമ്പലപ്പുഴ പോലീസ് എന്നിവര്‍ക്ക് ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, സ്വകാര്യ ബേക്കറിയില്‍ അമ്പലപ്പുഴ പായസം വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ തോംസണ്‍ ബേക്കറി ഖേദപ്രകടനവുമായി രംഗത്തെത്തി. പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് ആണെന്നാണ് വിശദീകരണം.
Discussion about this post