ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ട്രാഫിക് നിയമപ്രകാരം ട്രാഫിക് നിയമം ലംഘിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് പിഴ 23,000 രൂപ. ഡല്‍ഹി സ്വദേശിയായ ദിനേശ് മദാനാണ് ഒറ്റദിവസം കൊണ്ട് ഇത്രയും വലിയ തുക പിഴയിട്ടത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം കുത്തനെ ഉയര്‍ത്തിയ പുതിയ പിഴ പ്രകാരമാണ് ഗുരുഗ്രാം പോലീസ് 23,000 രൂപ പിഴ നല്‍കിയത്.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ നടത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ഒന്നിച്ചുള്ള പിഴയാണ് 23,000 രൂപ. ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിനൊപ്പം ഡ്രൈവിങ് ലൈന്‍സന്‍സ്, ആര്‍സി, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, എയര്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളൊന്നും ഉടമയുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് പുതുക്കിയ പിഴ നിരക്ക് പ്രകാരം ഈ കുറ്റങ്ങളെല്ലാം ചേര്‍ത്ത് 23000 രൂപ പിഴ ചേര്‍ത്ത ചലാന്‍ പോലീസ് യാത്രക്കാരന് കൈമാറിയത്.
അതേസമയം, വാഹനത്തിന്റെ നിയമപരമായ രേഖകളെല്ലാം വീട്ടിലുണ്ടെന്നും എന്നാല്‍ പരിശോധനയ്ക്കിടെ ഇവയെല്ലാം 10 മിനിറ്റിനുള്ളില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടെന്നുമാണ് ദിനേശ് മദാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
15000 മുതല്‍ 18000 രൂപ വരെ മാത്രമാണ് സ്‌കൂട്ടറിന്റെ മൂല്യമെന്നും വണ്ടിയുടെ താക്കോല്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാതിരുന്നതോടെ 23000 രൂപയുടെ ചലാന്‍ കൈയില്‍ തന്നെന്നും ദിനേശ് പറഞ്ഞു.
Discussion about this post