ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്ക് വീണ്ടും കർശന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്ത്രാലയങ്ങളിൽ ഉപദേശകരായും മറ്റും അടുത്ത ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്നാണ് നിർദേശം കൈമാറിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സഹപ്രവർത്തകർക്ക് ഈ നിർദേശം കൈമാറിയിരിക്കുന്നത്.
മന്ത്രിമാർ അവരുടെ മന്ത്രാലയത്തിലോ ബന്ധപ്പെട്ട വകുപ്പുകളിലോ ഉപദേശകരായി ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിലെ ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥരുമായി മാത്രമാകരുത് കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്നും വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും തമ്മിൽ മികച്ച ഏകോപനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജോയിന്റ് സെക്രട്ടറി, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുമായി കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകുകയും ഉദ്യോഗസ്ഥരെ ഉത്തേജിപ്പിക്കുകയും ചെയ്യണം. മന്ത്രിമാർ രാവിലെ 09.30ന് ഓഫീസിൽ എത്തണമെന്നും പ്രധാനമന്ത്രിയുടെ നിർദേശങ്ങളിൽ പറയുന്നു. ഇതിനു മുമ്പും പല തവണയും ജോലിയിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും ആത്മാർത്ഥമായി ജോലി ചെയ്യണമെന്നും മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post