ന്യൂഡൽഹി: ശിശുക്ഷേമ സൂചികയിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എൻജിഒകളായ വേൾഡ് വിഷൻ ഇന്ത്യയും ഐഎഫ്എംആർ ലെഡുമാണ് സൂചിക തയ്യാറാക്കിയത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തിൽ മാർക്ക് തയ്യാറാക്കുകയും ചെയ്തു. പോഷകാഹാരക്കുറവിനെ മറികടക്കാനും ആരോഗ്യകരമായ ചുറ്റുപാടും ശുദ്ധജലവും ശൗചാലയങ്ങളും കുട്ടികൾക്ക് ഉറപ്പുവരുത്താൻ കേരളത്തിന് കഴിഞ്ഞെന്നും ഇവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യകരമായ വ്യക്തിത്വ വികസനം, പോസിറ്റീവ് ബന്ധങ്ങൾ, സംരക്ഷണ സാഹചര്യങ്ങൾ എന്നിവയിലൂടെയുള്ള ശിശുക്ഷേമമാണ് എൻജിഒകൾ പഠന വിധേയമാക്കിയത്. കേരളത്തിന് ലഭിച്ചത് .76 മാർക്കാണ്. തമിഴ്‌നാടും ഹിമാചൽ പ്രദേശുമാണ് മികവിൽ കേരളത്തിന് തൊട്ടുപിന്നിൽ, .67 സ്‌കോർ ആണ് ഇരുസംസ്ഥാനങ്ങളും സ്വന്തമാക്കിയത്.
പട്ടികയിൽ ഏറ്റവും പുറകിൽ മധ്യപ്രദേശും ജാർഖണ്ഡുമാണ്. ജാർഖണ്ഡിനെ സംബന്ധിച്ച് കുട്ടികളുടെ അതിജീവനം, പോഷകാഹാരം, ജല ലഭ്യത, തുടങ്ങിയ മേഖലകളിൽ വലിയ ശ്രദ്ധ നൽകേണ്ടതുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post