മലപ്പുറം: ‘വേദനിപ്പിക്കുന്ന ഈ കാഴ്ചകള്‍ കാണുമ്പോള്‍ നമ്മളെങ്ങനെ ഒന്നും ചെയ്യാതിരിക്കും?’ ദുരന്തം നടന്ന കവളപ്പാറയെ നോക്കി അഹമ്മദ് ഇഖ്ബാലിന്റെ മനസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഒടുവില്‍ ഒന്ന് തീരുമാനിച്ചു അവരെ സഹായിക്കണമെന്ന്. കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം സ്ഥലം നല്‍കുമെന്നാണ് അഹമ്മദ് ഇഖ്ബാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ട മുഴുവന്‍പേര്‍ക്കും വീടുവെക്കാന്‍ കാരാട് ടൗണിലെ തന്റെ കണ്ണായ സ്ഥലം തന്നെ നല്‍കുമെന്ന് അദ്ദേഹം പറയുന്നു. കവളപ്പാറയില്‍ ഒരുപ്രദേശത്തെ മുഴുവന്‍ മരണം വിഴുങ്ങിയ വാര്‍ത്തകളും ദൃശ്യങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ വ്യവസായിയാണ് അരീക്കോട് കുനിയില്‍ അഹമ്മദ് ഇഖ്ബാല്‍. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് ഇനി വീടുവെക്കാന്‍ സുരക്ഷിതമായ സ്ഥലം ആണ് ആവശ്യം.
ഇതു മനസിലാക്കിയാണ് സ്ഥലം നല്കാന് തീരുമാനിച്ചതെന്ന് ഇഖ്ബാല്‍ പറയുന്നു. ഉടന്‍തന്നെ തന്റെ സുഹൃത്തായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ ഫോണില്‍വിളിച്ച് അക്കാര്യം അറിയിച്ചു. പ്രതിനിധിയായി മുജീബ് പുളിക്കലിനെയും സംഘത്തെയും കൂടെ അയച്ച് സ്ഥലം കാണിച്ചുകൊടുക്കുകയുംചെയ്തു. തഹസില്‍ദാറെയും കളക്ടറെയും രേഖാമൂലം സന്നദ്ധത അറിയിക്കുകയും ചെയ്തു.
Discussion about this post