ജിബ്രാൾട്ടർ: അനധികൃതമായി സിറിയയിലേക്ക് ക്രൂഡ് ഓയിൽ കടത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടൺ കസ്റ്റഡിയിലെടുത്ത ഇറാൻ എണ്ണടാങ്കർ ഗ്രേസ്-1ന് മോചനം. ആരോപിച്ച് ബ്രിട്ടിഷ് സൈന്യം വിട്ടുകൊടുത്തതിനാൽ ഇറാൻ എണ്ണക്കപ്പൽ ജിബ്രാൾട്ടറിൽനിന്ന് യാത്ര തിരിച്ചു. കപ്പൽ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടർ ഭരണകൂടം തള്ളിയതിനു പിന്നാലെയാണ് കപ്പൽ തീരംവിട്ടത്. ഗ്രീസിലെ കലമാട്ടയിലേക്കാണ് കപ്പൽ യാത്ര തിരിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ജിബ്രാൾട്ടർ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച് ആഡ്രിയ ഡാരിയ എന്നു പേരു മാറ്റി പനാമയുടെ പതാക താഴ്ത്തുകയും ചെയ്താണ് കപ്പൽ ഗ്രീസ് തീരത്തേക്ക് തിരിച്ചത്. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സിറിയയുടെ തീരത്തേക്കു പോകുന്നില്ലെന്നും എണ്ണ സിറിയയ്ക്കു കൈമാറില്ലെന്നും ഇറാൻ രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ട്. അതിനാൽ യുഎസ് നിർദേശമനുസരിച്ച് കപ്പൽ പിടിച്ചെടുക്കാനാവില്ലെന്നും യൂറോപ്യൻ യൂണിയൻ നയം പിന്തുടർന്ന് വിട്ടയയ്ക്കുകയാണെന്നും ജിബ്രാൾട്ടർ കഴിഞ്ഞ ദിവസം ഉത്തരവിൽ പറഞ്ഞിരുന്നു.
നേരത്തെ യുഎസ് ഭീകരസംഘടനയായി കണക്കാക്കുന്ന ഇറാൻ സൈന്യം ഇസ്ലാമിക് റെവല്യൂഷനറി ഗാർഡുമായി ബന്ധമുള്ളതിനാൽ കപ്പൽ വിട്ടയ്യ്ക്കരുതെന്നായിരുന്നു യുഎസിന്റെ നിലപാട്. എന്നാൽ സിറിയയ്ക്കു ക്രൂഡ് ഓയിൽ നൽകുകയില്ലെന്ന ഉറപ്പിൽ കപ്പൽ വിട്ടയയ്ക്കുകയായിരുന്നു ജിബ്രാൾട്ടർ കോടതി.
Discussion about this post