കൊച്ചി: മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മുന്നോട്ട് വരണമെന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസ്. ഇന്ദിരാഗാന്ധി സൈലന്റ് വാലി സംരക്ഷിച്ചതു പോലെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും പിടി തോമസ് പറഞ്ഞു.
ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭാ നേതൃത്വം നിലപാട് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭ നിലപാട് മാറ്റണമെന്ന് തന്നെയാണ് തന്റെ ആവശ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പിന്തിരിപ്പന് നിലപാട് സ്വീകരിച്ച കത്തോലിക്കാ സഭാ നേതൃത്വം അത് തെറ്റാണെന്ന് തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തങ്ങളുടെ തീവ്രത കുറയുമായിരുന്നുവെന്നും പിടി തോമസ് പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണം. ആളുകളെ വിശ്വാസത്തിലെടുത്ത് ഈ റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പിടി തോമസ് വ്യക്തമാക്കി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയെന്നും, സുഹൃത്തുക്കളടക്കം തള്ളിപ്പറഞ്ഞുവെന്നും പിടി തോമസ് പറഞ്ഞു. അതില്‍ അതീവമായ ദു:ഖവും വിഷമവുമുണ്ടായിരുന്നു. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും പിടി തോമസ് വ്യക്തമാക്കി.
Discussion about this post