തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്ന ഒന്നാണ് മകളുടെ വിവാഹം ഓര്‍ത്തുള്ള അമ്മയുടെ തേങ്ങല്‍. പ്രമുഖ മാധ്യമമായ ന്യൂസ് 18നാണ് ഈ അമ്മയുടെ കണ്ണീര് പുറംലോകത്തെത്തിച്ചത്. ചാത്തമംഗലത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ് ഈ അമ്മ. മകള്‍ ജീഷ്മയെ ഓര്‍ത്താണ് ഈ അമ്മയുടെ വേവലാതി. സെപ്തംബര്‍ എട്ടിനാണ് വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിനായുള്ള ക്ഷണക്കത്ത് വരെ അടിച്ചു. വേണ്ട പണവും സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ക്കായി വീട് ഒരുങ്ങുന്നതിനിടെയാണ് പ്രളയ ജലം ഒഴുകി എത്തിയത്.
ചാലിയാര്‍ പുഴയില്‍ നിന്നും വെള്ളം ഇരച്ചു കയറിയത് വെളുപ്പിന് രണ്ട് മണിക്കാണ്. ജീവനും കൈപിടിയില്‍ പിടിച്ച് ഓടുന്നതിനിടയില്‍ സമ്പാദ്യം നഷ്ടപ്പെട്ടു. അടിച്ചു വെച്ച ക്ഷണക്കത്ത് പോലും എടുക്കാന്‍ സാധിച്ചില്ല. ചേളന്നൂര്‍ സ്വദേശി കെപി ബൈജുവുമായാണ് ജീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. ബൈജുവിന്റെ വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. പക്ഷേ വെള്ളം ഇരച്ചു കയറിയത് ഇവരുടെ എല്ലാ സ്വപ്നങ്ങളും നാമാവശേഷമാക്കി. ഇവരുടെ ഈ ദുരിതം നിമിഷങ്ങള്‍ക്കകം വൈറലായി. ഇത് കണ്ട് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍.
അമ്മ കരയരുത്, അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണെന്നാണ് ഫിറോസ് കുന്നംപറമ്പില്‍ കുറിച്ചത്. വിവാഹത്തിനായി 10 പവന് സ്വര്‍ണ്ണവും അതിനായുള്ള ചെലവും വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എത്രയും പെട്ടെന്ന് ഈ കുടുംബത്തെ അറിയിക്കൂവെന്നും, ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്പര്‍ ഒന്ന് സംഘടിപ്പിച്ച് തരൂവെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സഹായ വിവരം കുറിച്ചത്. ഈ കുറിപ്പിനു താഴെ പിന്തുണ പ്രഖ്യാപിച്ച് പലരും രംഗത്തെത്തി.
വിവാഹ വസ്ത്രങ്ങള്‍ താന്‍ നല്‍കാം, എന്ന് പറഞ്ഞ് നമ്പര്‍ സഹിതം ബാവ ഹമീദ് എന്ന വ്യക്തി കുറിച്ചു. എല്ലാ വസ്ത്രങ്ങളും നല്‍കാമെന്നാണ് അദ്ദേഹം നല്കുന്ന വാഗ്ദാനം. ഈ വിവാഹത്തിന് സാക്ഷി ആകുവാനും ചിത്രങ്ങളും വീഡിയോയും പ്രതിഫലമില്ലാതെ എടുത്ത് തരുവാനും ഫോട്ടോക്കാരും തയ്യാറാണെന്നും പറഞ്ഞ് ഫ്രാന്‍കോ സെബാസ്റ്റിയന് ഉണ്ണികുന്നേല്‍ എന്ന വ്യക്തിയും കുറിച്ചു. സ്റ്റേജ് ഡെക്കറേഷന് തയ്യാറാണെന്ന് അറിയിച്ച് അനു മോന് അനി എന്ന വ്യക്തിയും പങ്കുവെച്ചു. ഇവരുടെ കൈകോര്‍ക്കലില്‍ ഈ അമ്മയുടെ കണ്ണു നീരാണ് തുടയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
#അമ്മ #കരയരുത് ……
അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണ്
ഈ വിവാഹത്തിന് 10 പവന് സ്വര്‍ണ്ണവും ചിലവും #ഫിറോസ് #കുന്നംപറമ്പില്‍ #ഫൗണ്ടേഷന് നല്‍കാം ഈ വിവരം എത്രയും പെട്ടന്ന് ഈ കുടുംബത്തെ അറിയിക്കൂ ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്പര്‍ ഒന്ന് സംഘടിപ്പിച്ച് തരൂ….
Discussion about this post