കട്ടപ്പന: തമ്പുരാന്‍ ജീവന്‍ രക്ഷിച്ചല്ലോ… പോയതൊക്കെ ഇനിയുമുണ്ടാക്കാം’ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഇരുന്ന് വയോധികരായ ലീലാമ്മയും വിജയമ്മയും പറഞ്ഞ വാക്കുകളാണ് ഇത്. അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മുളകരമേട്ടുകാര്‍. എന്നാല്‍ വലിയ മലമുകളില്‍ നിന്ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിയെത്തിയതിന്റെ അമ്പരപ്പും ഭയവും ഇപ്പോഴും ഇവരുടെ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. ഇന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോഴും ജീവന്‍ തിരിച്ചു കിട്ടിയതില്‍ ദൈവത്തോട് നന്ദി പറയുകയാണ് ഇവര്‍.
തെല്ലും ആത്മവിശ്വാസം കെടാതെ ഇനിയും ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേരളക്കര. വലിയ മലമുകളില്‍ നിന്ന് പൊട്ടിയെത്തിയ ഉരുള്‍ മൂന്ന് വീടുകളും നിര്‍മലസിറ്റി-കല്യാണത്തണ്ട് റോഡിന്റെ ഒരു ഭാഗവുമാണ് എടുത്തത്. ഉരുള്‍പൊട്ടുന്നതിന് തൊട്ടുമുമ്പ് ഭൂരിഭാഗം നാട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായതിനാല്‍ ആണ് വലിയ അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നത്. മുളകരമേടിന് സമീപത്തെ പള്ളിപ്പടിയില്‍ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിഞ്ഞത്.
അപ്പോള്‍ തന്നെ കൗണ്‍സിലര്‍ സെലിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള വീടുകളിലെത്തി അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും സ്ഥലത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് വലിയ വിപത്തില്‍ നിന്നും കരകയറാന്‍ ഇടയായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വലിയ ശബ്ദത്തോടെ ആദ്യ ഉരുള്‍പൊട്ടിയത്. അപ്പോഴേക്കും ആളുകള്‍ മാറിത്തുടങ്ങി. പിന്നെയും രണ്ട് പ്രാവശ്യം ഉരുള്‍പൊട്ടി. വൈകീട്ട് അഞ്ചിനുണ്ടായ ഉരുള്‍പൊട്ടലാണ് പ്രദേശത്തിന്റെ ഒരുഭാഗം തകര്‍ത്തത്.
റോഡിന്റെ കട്ടിങ്ങില്‍ ഇടിച്ചുനിന്ന പാറകള്‍ക്ക് പുറകില്‍ ബാക്കി മണ്ണ് വന്നടിഞ്ഞതിനാല്‍ കൂടുതല്‍ താഴേക്ക് ഉരുളെത്തിയില്ല. എത്തിയിരുന്നെങ്കില്‍ കുറേ വീടുകള്‍കൂടി തകരുമായിരുന്നു. ഈ മലയില്‍ ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഉരുള്‍പൊട്ടിയിരുന്നില്ല. ഇപ്പോള്‍ ഏതുനിമിഷവും അടുത്ത ഉരുള്‍പൊട്ടലുണ്ടാകുന്ന അവസ്ഥയാണ്. പ്രദേശത്തെ നാല്‍പ്പതോളം വീടുകളില്‍നിന്നുള്ള നൂറ്റമ്പതോളം ആളുകളാണ് ക്യാംപില്‍ കഴിയുന്നത്.
Discussion about this post