സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ഇപ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി. ആലുവ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പഴയകാല കാല ചിത്രം പങ്കുവെച്ച് ജനങ്ങളെ ഭയപ്പെടുത്തരുതെന്നാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
ഇപ്പോള്‍ താരം മഴയുടെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ ലൈവിലെത്തി പങ്കുവെച്ചിരിക്കുകയാണ്. ആലുവയില്‍ താനിപ്പോള്‍ നില്ക്കുന്ന ഫ്ലാറ്റില്‍ നിന്നെടുത്ത ചിത്രമാണിതെന്നും വളരെ പെട്ടന്ന് തന്നെ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് വീഡിയോയില്‍ പറയുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെ;
ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ട് ഇവിടെയാണ് താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവില്‍ വന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയാനുള്ളത്. എന്റെ പുറകില്‍ നിങ്ങള്‍ക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ കാത്തിരിക്കാതെ വേണ്ട കാര്യങ്ങള്‍ ചെയ്യുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.
നിങ്ങളും അതു തന്നെ ചെയ്യണം. കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. ടോര്‍ച്ച് പോലുള്ള സാധനങ്ങള്‍ കയ്യില്‍ കരുതുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക. പ്രളയത്തിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് നിങ്ങളെ ഞാന്‍ പറ്റിച്ചതല്ല. അതു മനസ്സിലാക്കണം. എല്ലാവരും ശ്രദ്ധിക്കുക
Discussion about this post