ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് പാകിസ്താന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയസുരക്ഷാസമിതി യോഗം തീരുമാനിച്ചു. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചു.
ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു.
കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്ഥാന്റെ ദേശീയസ്വാതന്ത്ര്യദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. കശ്മീരിലെ ഇന്ത്യയുടെ ഇടപെടല്‍ സാധ്യമായ വഴികളിലൂടെയെല്ലാം അന്താരാഷ്ട്രവേദികളില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ ഇന്ത്യ വിഭജിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പാര്‍ലമെന്റ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സംയുക്തസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും ഇത് ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്‍ സമ്മേളനത്തില്‍ പറഞ്ഞത്. പുല്‍വാമ മോഡല്‍ ആക്രമണങ്ങള്‍ ഇനിയും ഇന്ത്യയിലുണ്ടാവുമെന്നും ഇതില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ വരേണ്ടെന്നും ഇമ്രാന്‍ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
Discussion about this post