ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളാണ് തുറക്കുക.
കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറക്കുക. 30 സെന്റീമീറ്ററിലാണ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുക. ഷട്ടറുകള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
അതേസമയം, വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഴ കനത്തത്. ജില്ലകളിലെ വിവിധയിടങ്ങളില്‍ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയോര മേഖലകളില്‍ കനത്ത മഴ കനത്തതിനെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
ശക്തമായ മഴയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post