'വീട്ടില്‍ ചോദിക്കേണ്ട സാറേ... എതിര്‍പ്പൊന്നും പറയില്ല'; ഇട്ടു കൊതി തീരും മുന്‍പെ പുത്തന്‍ കമ്മല്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടാംക്ലാസുകാരി; കല്യാണിയുടെ സന്മനസിന് നാടിന്റെ ബിഗ് സല്യൂട്ട്

Kalyani,Kerala,Stories

അങ്കമാലി: ഇട്ടു കൊതി തീരാത്ത പുത്തന്‍ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമമ്പോള്‍ കല്ല്യാണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പ്രളയബാധിതരെ സഹായിക്കാനായി ലഭിച്ച അവസരം തനിക്കാവും വിധം ഉപയോഗപ്പെടുത്തുകയായിരുന്നു ഈ എട്ടാംക്ലാസുകാരി.

'വീട്ടില്‍ ചോദിക്കേണ്ട സാറെ. എതിര്‍പ്പൊന്നും പറയില്ല'- എന്നായിരുന്നു അധ്യാപകന് കമ്മല്‍ ഊരി നല്‍കുമ്പോള്‍ നായത്തോട് മഹാകവി ജി മെമ്മോറിയല്‍ സ്‌കൂളിലെ ടിഎസ് കല്ല്യാണി പറഞ്ഞത്. കമ്മല്‍ നല്‍കുമ്പോള്‍ വീട്ടില്‍ പറയേണ്ടേയെന്ന് അധ്യാപകന്‍ രവികുമാര്‍ ചോദിച്ചപ്പോഴായിരുന്നു കല്യാണിയുടെ ഉറച്ച മറുപടി. എങ്കിലും അധ്യാപകര്‍ കല്യാണിയുടെ അച്ഛന്‍ സജീഷിനെ ഫോണില്‍ വിളിച്ചു. വിവരം അറിഞ്ഞ സജീഷ് മകളുടെ തീരുമാനത്തെ പിന്തുണച്ചു.

സ്‌കൂള്‍ അസംബ്ലിയില്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചയുടനെ ആയിരുന്നു കല്യാണി രണ്ടു കമ്മലുകളും ഊരി നല്‍കിയത്. നാലു മാസം മുന്‍പാണ് അരപ്പവന്‍ തൂക്കം വരുന്ന കമ്മല്‍ അച്ഛന്‍ വാങ്ങി നല്‍കിയത്. കല്യാണിയുടെ നന്മ പ്രചോദനമായപ്പോള്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഉണ്ണിമായ ക്ലാസില്‍ വച്ചു മോതിരം ഊരി നല്‍കി. കമ്മലും മോതിരവും സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറുമെന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി പ്രദുഷ, ഹെഡ്മിസ്ട്രസ് പി ലീന എന്നിവര്‍ പറഞ്ഞു. എയര്‍പ്പോര്‍ട്ടിനു സമീപമുള്ള ഹോട്ടലിലെ മാനേജരാണ് കല്യാണിയുടെ അച്ഛന്‍ സജീഷ്. അമ്മ ദീപ്തി. സഹോദരന്‍ കാശിനാഥ്.

കഴിഞ്ഞ വര്‍ഷം എറണാകുളം റവന്യുജില്ലാതലത്തില്‍ സംസ്‌കൃതം കവിതാരചനയ്ക്കും പ്രശ്‌നോത്തരിക്കും കല്യാണി ഒന്നാം സ്ഥാനം നേടിയിരുന്നു. കുടുംബശ്രീ മിഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഗണിതോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)