കഷ്ടം തന്നെ മലയാളി, ഏഴു മണിക്കൂറോളം റോഡരികില്‍ അവശനായി വീണുകിടന്നയാളോട് കണ്ടവരെല്ലാം മുഖംതിരിച്ചു; 68 കാരന്‍ റോഡരികില്‍ കിടന്ന് മരിച്ചു, സംഭവം കുറ്റിപ്പുറത്ത്

old man, kuttippuram
കുറ്റിപ്പുറം: മദ്യപനെന്ന് കരുതി കണ്ടവരെല്ലാം മുഖംതിരിച്ചതോടെ അവശനായി വീണുകിടന്നയാള്‍ റോഡരികില്‍ കിടന്ന് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം കൊച്ചുവീട്ടില്‍ ചെല്ലപ്പന്‍പിള്ള(68)യാണ് മരിച്ചത്. ഏഴുമണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. കുറ്റിപ്പുറത്തിനടുത്ത തൃക്കണാപുരം വാസുപ്പടിയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ചെല്ലപ്പന്‍പിള്ള റോഡരികില്‍ വീണുകിടക്കുന്നത് കണ്ടത്. മദ്യലഹരിയില്‍ അബോധാവസ്ഥയിലായി കിടക്കുകയാണെന്ന് കരുതി ആരും കണ്ടഭാവം നടിച്ചില്ല. വൈകീട്ടും ഇതേകിടപ്പ് കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഇതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും നാട്ടുകാരുംചേര്‍ന്ന് വൈകീട്ട് ആറുമണിയോടെ കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം മദ്യപിച്ചിരുന്നതായും പരിശോധനാഫലം വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ശങ്കര്‍ പറഞ്ഞു. തുടയില്‍ പൊള്ളലേറ്റതെന്നു കരുതുന്ന പാടുണ്ട്. സൂര്യതാപമേറ്റതാണോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. വാസുപ്പടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ചെല്ലപ്പന്‍പിള്ള താമസിച്ചിരുന്നത്. താമസിക്കുന്ന മുറിയുടെതാണെന്നു കരുതുന്ന താക്കോല്‍ പോക്കറ്റില്‍ കണ്ടെത്തി. കുറ്റിപ്പുറത്തെ മുട്ടവില്പനക്കടയില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന ചെല്ലപ്പന്‍പിള്ള കുറേക്കാലമായി തൃക്കണാപുരത്തും പരിസരത്തുമായി താമസിച്ചുവരികയായിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)