മുലപ്പാല്‍ നല്‍കേണ്ട അമ്മ ദിവസങ്ങളായി പട്ടിണിയില്‍, എന്നിട്ടും ഒന്ന് വാവിട്ട് കരയാന്‍ പോലും കൂട്ടാക്കാതെ ആരവ്..! 2മാസം പ്രായമുള്ള ഈ കുഞ്ഞിന്റെ പാല്‍പ്പുഞ്ചിരിയില്‍ തളര്‍ന്ന് സൈബര്‍ലോകം

kerala,mother,kid,breast feed,rain

സ്വത്തും സമ്പാദ്യവും എല്ലാം മഴവെള്ളക്കെടുതിയില്‍ നഷ്ടമായി. രക്ഷിക്കാനെത്തിയ അച്ഛനെ രണ്ടു വട്ടം വെള്ളം വഴിയില്‍ തടഞ്ഞു. മുലപ്പാല്‍ നല്‍കേണ്ട അമ്മ ദിവസങ്ങളായി പട്ടിണി. എന്നിട്ടും ഒന്ന് വാവിട്ട് കരയാന്‍ പോലും കൂട്ടാക്കാതെ ആരവ് ഇതാ സുരക്ഷിതനായി പുഞ്ചിരിക്കുന്നു. പലരുടെ നെടുവീര്‍പ്പുകള്‍ക്കിടയിലും തന്റെ പൊന്നോമനയുടെ ആ പാല്‍പ്പുഞ്ചിരി അമ്മ അഖിലയെ കരയിച്ചു.

തിരുവന്‍വണ്ടൂര്‍ അനിതാലയത്തില്‍ അഖില പ്രസവത്തിനായി തിരുവനന്തപുരം കണിയാപുരത്തെ ഭര്‍ത്താവ് അരുണിന്റെ വീട്ടില്‍ നിന്നു തിരുവന്‍വണ്ടൂരിലെത്തിയതാണ്. എന്നാല്‍ കുഞ്ഞിനെ കൊണ്ട് തിരിച്ചുപോക്ക് പ്രളയം തടഞ്ഞു. അഞ്ചു ദിവസമായി വീട്ടില്‍ കുടുങ്ങിയിട്ട്. അമ്മ അനിതയും അനുജത്തി അനിലയും അമ്മൂമ്മ അമ്മിണിയും മറ്റു കുറേപ്പേരും ഒപ്പം.

മുലപ്പാല്‍ മാത്രം ആശ്രയിക്കുന്ന ഈ പിഞ്ചുക്കുഞ്ഞിന്റെ വായ നനയ്ക്കാന്‍ പോലും ഈ അമ്മയ്ക്കാവുന്നില്ല. ദിവസങ്ങളായി അമ്മ പട്ടിണിയാണ്. തണുപ്പു പേടിച്ച് അവനെ കുളിപ്പിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം ജീവനക്കാരനാണ് അരുണ്‍. അഖിലയും ആരവും അകപ്പെട്ട ധര്‍മസങ്കടത്തിലേക്ക് ഓടിയെത്താന്‍ അരുണ്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആദ്യം എത്തിയപ്പോള്‍ കല്ലിശേരി കടന്നുപോകാന്‍ കഴിയാത്ത വെള്ളക്കെട്ട്.

അടുത്ത ദിവസം പന്തളത്തു വച്ചുതന്നെ യാത്ര മുടങ്ങി. ഇന്നലെ ആറ്റുവെള്ളം വലിഞ്ഞുതുടങ്ങിയപ്പോഴാണു രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം അരുണും ജ്യേഷ്ഠന്‍ കിരണും ഉറ്റവര്‍ തടവിലായ വെള്ളം കടന്നുചെന്നത്. രക്ഷയുടെ കരയിലേക്കു നെഞ്ചറ്റം വെള്ളത്തിലൂടെയായിരുന്നു യാത്ര. ആരവിനെ ഉയര്‍ത്തിപ്പിടിച്ചും ബോട്ടില്‍ കിടത്തിയും കരപറ്റി. പിന്നെ, നനഞ്ഞ ഒരുപാടു ജീവിതങ്ങള്‍ക്കൊപ്പം ടിപ്പറില്‍ അവരും ഇടം കണ്ടു.

എംസി റോഡിലിറങ്ങി കണിയാപുരത്തേക്കു പുറപ്പെടാനൊരുങ്ങുമ്പോള്‍ ആരവ് ചിരിച്ചു കൊണ്ടേയിരുന്നു. അവനറിയില്ല, എത്ര വലിയ ദുരന്തമാണു നീന്തിക്കടന്നതെന്ന്. ആരവ് മുതിരുമ്പോള്‍ അവനെ കരുത്തനാക്കാന്‍ അരുണും അഖിലയും ആ കഥ പറഞ്ഞു കൊടുക്കട്ടെ

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)