വിശ്വാസവും ക്രിക്കറ്റും കൂട്ടിക്കുഴയ്ക്കാനില്ല; ഷാംപെയ്ന്‍ പൊട്ടിച്ചുള്ള വിജയാഘോഷത്തില്‍ നിന്നും വിട്ട് നിന്ന് റഷീദും മോയിന്‍ അലിയും!

Engalnd vs India,Moin Ali,Adil Rashid,Sports

ലണ്ടന്‍: ഇംഗ്ലണ്ടിന് ഇത് വിജയാഘോഷങ്ങളുടെ ദിനങ്ങളാണ്. ഇന്ത്യയുമായുള്ള നീണ്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച വിജയം സ്വന്തമാക്കിയ ടീം വിജയം ശരിക്കും നുണയുകയും ചെയ്തു. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ നാലു മല്‍സരങ്ങളില്‍ തകര്‍ത്ത്, അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 4-1ന് അവര്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ, ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിനെ വിജയത്തോടെ യാത്രയാക്കാനും ഇംഗ്ലണ്ടിനായി.

മല്‍സരശേഷം ഓവലില്‍ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ആഘോഷം. ഈ ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച അലസ്റ്റയര്‍ കുക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി.

അതേസമയം, ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന രണ്ടു താരങ്ങളും ഓവലില്‍ ആരാധരുടെ ശ്രദ്ധ കവര്‍ന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍നിന്ന് ഇരുവരും വിട്ടുനിന്നത്. അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇതിനുശേഷം വീണ്ടും ഷാംപെയിന്‍ ആഘോഷം ആരംഭിച്ചതോടെ മൈതാനത്തിന്റെ അരികിലേക്കു മാറുകയും ചെയ്തു.

ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല. ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)